മൈക്രോവേവ് ഓവനുകളെ ചുറ്റിപ്പറ്റി ഒരുപാട് വിശ്വാസങ്ങൾ ആൾക്കാരുടെ ഇടയിൽ ഉണ്ട്. അവ പരിശോധിക്കുന്നതിന് മുൻപ് നമുക്ക് ഈ മൈക്രോവേവ് ഓവൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. നമുക്ക് ചുറ്റും ധാരാളം വികിരണങ്ങൾ ഉണ്ട്. സൂര്യ പ്രകാശം, TV, മൊബൈൽ ഫോൺ, റേഡിയോ എന്നിവയിൽ നിന്നുള്ളത്. എല്ലാം പല തരത്തിൽ ഉള്ള വികിരണങ്ങൾ ആണ്. ഇവ തമ്മിൽ ഉള്ള പ്രധാന വ്യത്യാസം ഇവയുടെ തരംഗ ദൈർഖ്യത്തിൽ ഉള്ള വ്യത്യാസം ആണ്. ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിൽ റേഡിയോ വികിരണങ്ങളുടെയും ഇൻഫ്രാ റെഡ് രശ്മികളുടെയും ഇടയിൽ ആണ് നമ്മുടെ മൈക്രോവേവ് രശ്മികളുടെ സ്ഥാനം.
1946-ൽ അബദ്ധവശാൽ ഒരു എഞ്ചിനീയർ റഡാറിലെ മാഗ്നെട്രോൺ എന്ന ഭാഗത്തിന്റെ അടുത്ത് നിന്നപ്പോൾ പോക്കറ്റിൽ കിടന്ന സ്നാക്ക് ബാർ ഉരുകുന്നിടത്തു നിന്ന് ആണ് മൈക്രോവേവ് ഓവൻ എന്ന കണ്ടുപിടുത്തം നടക്കുന്നത്. മൈക്രോവേവുകൾ ധാരാളം ഊർജം ഉൾക്കൊണ്ട് കൊണ്ടാണ് സഞ്ചരിക്കുന്നത്. ഈ ഊർജ്ജത്തിന് ഭക്ഷണത്തിലെ ധ്രുവ അവസ്ഥയിൽ ഉള്ള ജലാംശം ഉള്ള ചെറു കണികകളെ ഉത്തേജിപ്പിക്കാൻ ഉള്ള കഴിവ് ഉണ്ട്. ഈ കണികകൾ അതിവേഗത്തിൽ വിറക്കാൻ തുടങ്ങും. അതിൽ നിന്ന് ചൂട് ഉളവാകുന്നു. ഈ ചൂട് ഭക്ഷണത്തെ ചൂടാക്കുന്നു.
ഇനി മൈക്രോവേവ് ഓവനുകളെ പറ്റിയുള്ള ചോദ്യങ്ങളിലേക്കു കടക്കാം.
Myth 1: മൈക്രോവേവ് ഓവനുകൾ ഭക്ഷണം ഒരു പോലെ എല്ലായിടത്തും ചൂടാക്കുന്നു
ഇത് തെറ്റാണ്. The US Department of Agriculture പറയുന്നത് മൈക്രോവേവ് രശ്മികൾക്കു 1 - 1.5 ഇഞ്ചുകളെ ഭക്ഷണ പ്രതലത്തിൽ നിന്ന് അകത്തേക്ക് കടക്കാൻ കഴിയുള്ളു. ഈ കാരണം കൊണ്ടാണ് ചില തണുത്തു ഉറഞ്ഞ ഭക്ഷണങ്ങൾ ഏറെ നേരം മൈക്രോവേവിൽ വെച്ചതിനു ശേഷവും അകം തണുത്തു ഇരിക്കുന്നത്.
Myth 2: മൈക്രോവേവിനു എന്തും ചൂടാക്കാൻ കഴിയും
ഇതും തെറ്റായ ധാരണ ആണ്. നാം ഉപയോഗിക്കുന്ന മൈക്രോവേവ് ഓവനുകൾക്കു ജലാംശം അല്ലെങ്കിൽ എണ്ണയുടെ അംശം ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ മാത്രമേ ചൂടാക്കാൻ ഉള്ള ശേഷി ഉള്ളു. ഇതുകൊണ്ടാണ് ഓവന്റെ ഉള്ളിലെ വായുവോ ഓവന്റെ ഉൾഭാഗമോ ഒന്നും ചൂടാകാത്തത്. ജലാംശം ഉള്ള ഭക്ഷണം മാത്രമേ ചൂടാക്കാൻ കഴിയു.
Myth 3: മൈക്രോവേവ് ഓവൻ ഭക്ഷണത്തിന്റെ പോഷക ഗുണം നഷ്ടപ്പെടുത്തുന്നു
ഭക്ഷണത്തിന്റെ ചില അംശങ്ങൾ, ഉദാഹരണത്തിന് Vitamin C, ചൂട് ഏൽക്കുമ്പോൾ നശിക്കും. പക്ഷേ,അത് മൈക്രോവേവ് എന്നല്ല, ഏതു വിധേന ഉള്ള ചൂട് കാരണവും സംഭവിക്കാം. ഒന്ന് ആലോചിച്ചാൽ, ഉള്ളിൽ നിന്ന് ചൂടാകുന്നത് കൊണ്ട് മൈക്രോവേവ് ചെയ്യുന്നത് തിളച്ച വെള്ളത്തിൽ ഇടുന്നതിലും സുരക്ഷിതം ആണ്. തിളച്ച വെള്ളം ചില പോഷക ഗുണങ്ങളെ നശിപ്പിക്കും എന്ന് നമുക്ക് അറിയാം. തന്നെയുമല്ല മറ്റു വഴികൾ പോലെ അധിക നേരം എടുക്കാത്തത് കൊണ്ട് ചൂട് അധിക നേരം ഭക്ഷണത്തെ ബാധിക്കുന്നില്ല.
Myth 4: മൈക്രോവേവ് ചെയ്ത ഭക്ഷണം അർബുദം ഉണ്ടാക്കും
മൈക്രോവേവ് രശ്മികൾക്കു അത്ര കരുത്തില്ല. ഭക്ഷണ അംശങ്ങളെ നശിപ്പിക്കാൻ ഉള്ള ശക്തി മൈക്രോവേവിന് ഇല്ല. മൈക്രോവേവ് കാരണം ഉണ്ടാകാൻ സാധ്യത ഉള്ള ഒരു പ്രശ്നം, പച്ച മാംസം പോലെ ഉള്ള ഭക്ഷണങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുമ്പോൾ ആണ്. നേരത്തെ പറഞ്ഞ പോലെ ഒരേ അളവിൽ എല്ലായിടത്തും ചൂടാക്കാൻ മൈക്രോവേവിന് കഴിയാത്തതു കൊണ്ട് മാംസം മൊത്തമായി പാകം ആകണം എന്നില്ല. ഇത് കാരണം അതിൽ ഉള്ള ബാക്ടീരിയ നശിക്കുന്നില്ല. ഭക്ഷണം പുതിയതായി അടുപ്പിൽ പാകം ചെയ്യുന്നത് തന്നെ ആണ് ഉത്തമം. പക്ഷെ ഒരിക്കൽ നല്ല പോലെ പാകം ചെയ്ത ഭക്ഷണം ചൂടാക്കാൻ മൈക്രോവേവ് ഉപയോഗിക്കാം, ബാക്ടീരിയ ഒക്കെ തന്നെ പാകം ചെയ്തപ്പോൾ നശിച്ചു കാണും.
മൈക്രോവേവ് രശ്മികൾ ശരീരത്തെ നേരിട്ട് ബാധിക്കും എന്ന് ചിലർ പറയും. ഭക്ഷണം പോലെ തന്നെ ആണ് ശരീരവും. മൈക്രോവേവ് രശ്മികൾ ഇട്ടാൽ ശരീരവും ചൂടാകും. പക്ഷേ നമ്മുടെ മൈക്രോവേവ് ഓവനുകൾ ഈ കിരണങ്ങളെ ഓവന് പുറത്തു വിടുകയില്ല.
Myth 5: ലോഹം അല്ലാത്ത എന്തും മൈക്രോവേവ് ഓവനിൽ ഉപയോഗിക്കാം
ഇത് തെറ്റാണ്. ലോഹ വസ്തുക്കളിൽ എലെക്ട്രോണുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്നത് കൊണ്ട് മൈക്രോവേവ് രശ്മികൾ തട്ടുമ്പോൾ വൈദ്യുതി ഉത്പാദിക്കപ്പെടും. അവ ഓവനുകളിൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഈ കാരണം കൊണ്ട് ചിലർ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് ആണ് ഏറ്റവും ഹാനികരമായ പ്രവണത. പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള ഈയം, BPA(Bisphenol-A) മുതാലായ അംശങ്ങൾ ചൂട് തട്ടിയാൽ ഹാനികരമായ രാസപദാർത്ഥങ്ങൾ പുറപ്പെടുവിക്കും. ഇവ ശരീരത്തിന് വളരെ ദോഷകരം ആണ്. ഇത് തന്നെ ചൂടാക്കിയ ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ വിളമ്പാൻ എടുക്കുമ്പോളും ഉള്ള ദോഷം. ഈ അംശങ്ങളുടെ നിയന്ത്രണ വിധേയമായ അളവ് ഉള്ള ഉത്പന്നങ്ങളിൽ ‘microwave safe’(മൈക്രോവേവ് സേഫ്) എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ മാത്രമേ മൈക്രോവേവിന്റെ കൂടെ ഉപയോഗിക്കാവു. സ്ഫടികം(ഗ്ലാസ്) അല്ലെങ്കിൽ മൺ(സെറാമിക്) പാത്രങ്ങൾ ആണ് മൈക്രോവേവ് ഓവന്റെ കൂടെ ഉപയോഗിക്കാൻ അത്യുത്തമം. ഇവ ചൂട് ഏറ്റാൽ ഒരു തരത്തിലും നശിക്കാത്ത ദ്രവ്യങ്ങൾ ആണ്.
TRUTH: മൈക്രോവേവ് ഒരു തരത്തിലും ശരീരത്തിന് ഉപദ്രവപരം അല്ല. പച്ചയായ മാംസം പോലെ ഉള്ള ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോഴും പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗവും മാത്രം ആണ് സൂക്ഷിക്കേണ്ടത്.