ഫറോ ദ്വീപുകളിലെ തിമിംഗല കൊലകൾ വെറും നേരംപോക്കോ?

May 14, 2020   Fake News   Switch to English

ഫറോ ദ്വീപുകളിലെ തിമിംഗല കൊലകൾ വെറും നേരംപോക്കോ?

ഫറോസികളുടെ ക്രൂരമായ ജീവിതവും വിനോദത്തിനായി തിമിംഗലങ്ങളെയും ഡോൾഫിനുകളെയും അവർ എങ്ങനെ വേട്ടയാടുന്നു, കൊല്ലുന്നു എന്നതിന്റെ കഥകൾ കാണിക്കുന്ന മുകളിലുള്ളത് പോലത്തെ രക്തരൂക്ഷിതമായ ചിത്രം നിങ്ങളിൽ പലരും കണ്ടിരിക്കാം. ഇത് കാണുന്ന ആർക്കും ഈ മനുഷ്യത്വരഹിതമായ പ്രവൃത്തിയെ വിമർശിക്കാതെ പോകാൻ കഴിയില്ല. ഫറോസികളുടെ ഈ നേരംപോക്കിന്റെ കഥയിൽ എത്രത്തോളം സത്യമുണ്ട്? നമുക്ക് ഫറോസികളുടെ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കാം.

ഏകദേശം 52000 മാത്രം ജനസംഖ്യയുള്ള ഡെൻമാർക്ക് രാജ്യത്തിനുള്ളിലെ ഒരു സ്വയംഭരണ പ്രദേശമായ നോർത്ത് അറ്റ്ലാന്റിക് ദ്വീപസമൂഹമാണ് ഫറോ ദ്വീപുകൾ. ഫറോസ് ആളുകൾ ഭക്ഷണത്തിനായി കടലിനെ ആശ്രയിക്കുന്നു. പ്രതിവർഷം, 800 ഓളം പൈലറ്റ് തിമിംഗലങ്ങളും കുറച്ച് ഡോൾഫിനുകളും ദ്വീപുകളുടെ തീരത്ത് അറുക്കപ്പെടുന്നു, കൂടുതലും വേനൽക്കാലത്ത്. ഈ ആചാരം  ‘ദി ഗ്രിൻഡ്’ എന്ന് വിളിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി ഒരു തിമിംഗല കൂട്ടത്തെ കണ്ടാൽ അവയ്ക്ക് ചുറ്റും ബോട്ടുകൾ വട്ടം ചുറ്റി, അവയെ തീരത്തേക്ക് അടുപ്പിക്കുന്നു. കരയ്‌ക്കടുത്ത് എത്തിക്കഴിഞ്ഞാൽ, കരയിൽ കാത്തുനിൽക്കുന്നവർ വെള്ളത്തിലേക്ക് നീങ്ങുന്നു, തിമിംഗലത്തിന്റെ മൂക്കിൽ പിടുത്തമിട്ട് അവയെ കരയിലേക്ക് വലിച്ചിടുകയും ചെയ്യുന്നു. കരയിൽ എത്തിക്കഴിഞ്ഞാൽ തലച്ചോറിലേക്കുള്ള നാഡീ ബന്ധം വിച്ഛേദിച്ച് അവയെ കൊല്ലുന്നു. തിമിംഗലങ്ങൾ ഏതാനും നിമിഷങ്ങൾ മുതൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ രക്തം വാർന്നു മരിക്കുന്നു. കാഴ്ച തീർച്ചയായും അത്ര പ്രസന്നമല്ല. തീരങ്ങളും വെള്ളവും രക്ത ചുവപ്പായി മാറുന്നു. തിമിംഗല മാംസവും ബ്ലബ്ബറും പിന്നീട് വർഷം മുഴുവൻ ഉപയോഗത്തിനായി താമസക്കാർക്കിടയിൽ വിഭജിക്കപ്പെടുന്നു.

ക്രൂരവും നിഷ്ഠൂരവുമാണെന്ന പേരിൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് ഗ്രിന്റിന്  കനത്ത തിരിച്ചടി നേരിട്ടു. പ്രവർത്തകർ ഈ ആചാരത്തെ അനാവശ്യമെന്ന് വിളിക്കുന്നു, ഈ ഫറോ പാരമ്പര്യത്തിന്റെ സമ്പൂർണ്ണ നിരോധനത്തിനായി അവർ പോരാടുകയാണ്.

പക്ഷേ ഫാറൂസികൾക്ക് പറയാൻ തികച്ചും വ്യത്യസ്തമായ ഒരു കഥയുണ്ട്. ഗ്രിൻഡിന്റെ പാരമ്പര്യം 1000 വർഷത്തിലേറെ പഴക്കമുള്ളതാണ്.  ആ ജന സമൂഹം ഇതുമായി വളർന്നു വന്നതാണ്. പാറക്കെട്ടുകളുടെ ഒരു കൂട്ടമാണ് ഫറോ ദ്വീപുകൾ. വനങ്ങളോ വന്യമൃഗങ്ങളോ ഇല്ല. പാറക്കെട്ടുകൾ കാരണം വലിയ കൃഷി വിളകൾ ഇല്ല. ശൈത്യകാലത്ത് അവർക്കുള്ള ഏക ഭക്ഷണം ഉപ്പിട്ട മാംസം അല്ലെങ്കിൽ ഉണക്കിയ ഭക്ഷണം മാത്രമാണ്. സമുദ്രം കൊണ്ടുവരുന്ന ഭക്ഷണം ആണ്  മനുഷ്യരുടെ ഭക്ഷണം. ഓരോ പൈലറ്റ് തിമിംഗലവും സമൂഹത്തിന് നൂറുകണക്കിന് കിലോയോളം മാംസവും ബ്ലബ്ബറും നൽകുന്നു. തിമിംഗലങ്ങൾ ഭക്ഷണമായിരുന്നില്ലെങ്കിൽ, പുറത്തുനിന്ന് ഇറച്ചി ഇറക്കുമതി ചെയ്യുന്നതിന് ഫറോസിന് വലിയ തുക നൽകേണ്ടിവരും. തിമിംഗല വേട്ടക്ക് ഒരു നിശ്ചിത സീസൺ ഇല്ല. ഇവിടെ മരിക്കുന്ന തിമിംഗലങ്ങൾ മൊത്തം തിമിംഗലങ്ങളുടെ 0.1% വരും, ഇത് പൂർണ്ണമായും സുസ്ഥിരവുമാണ്.

ഈ തിമിംഗല കൊലപാതകങ്ങൾ നിയന്ത്രണാതീതമാണെന്നും മൃഗങ്ങൾ ദുരിതം അനുഭവിക്കുന്നു എന്നും മൃഗസംരക്ഷണ പ്രവർത്തകർ അവകാശപ്പെടുന്നു. ഫറോ ദ്വീപുകൾ ഡെൻമാർക്കിന്റെ ഭാഗമാണെങ്കിലും യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാത്ത ഒരു സ്വയംഭരണ സ്ഥലമാണ്. അതിനാൽ ഡെൻമാർക്കിലെ തിമിംഗല കൊലപാതകങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ഇവിടെ ബാധകമല്ല. ഫറോ അധികൃതർ സമീപകാലത്ത് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുന്തങ്ങളോ തെറ്റാലികളോ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. തിമിംഗലത്തെ വലിച്ചിടാൻ ബ്ലോഹോളുകളിൽ കൊളുത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. നട്ടെല്ല് അറുത്തു കൊല്ലാൻ പ്രത്യേക പരിശീലനം ലഭിച്ച ഒരാൾക്ക് മാത്രമേ തിമിംഗലങ്ങളെ കൊല്ലാൻ അനുവാദമുള്ളൂ. നട്ടെല്ല് മുറിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ആയുധം ഉപയോഗിക്കുന്നതിനാൽ തിമിംഗലങ്ങൾ നിമിഷങ്ങൾക്കുള്ളിൽ അധികം വേദനിക്കാതെ മരിക്കും.

പല അവകാശവാദങ്ങളിൽ നിന്നും വ്യത്യസ്തമായി തിമിംഗല മാംസത്തിന്റെ ഒരു ഭാഗവും വിൽക്കപ്പെടുന്നില്ല. ഇത് തികച്ചും വാണിജ്യപരമല്ലാത്തതായ ഒരു ആചാരം ആണ്. ഇതിൽ നിന്ന് കിട്ടുന്ന ഇറച്ചി ജനങ്ങളും ഗ്രിൻഡിൽ പങ്കെടുക്കുന്നവരും തമ്മിൽ വീതിച്ചെടുക്കുന്നു. ഇതിനു ആരും പണം നൽകുന്നില്ല, ഓരോ കുടുംബവും വരുന്ന വർഷത്തേക്ക് സൂക്ഷിക്കാൻ ഉള്ളത് കൊണ്ട് പോകുന്നു.(wikipedia)

ഈ ഫറോ പാരമ്പര്യത്തിന് സമുദ്ര മലിനീകരണം ആണ് വലിയ ശത്രു. ഉയർന്ന അളവിലുള്ള മെർക്കുറി, ഡിഡിറ്റി, മറ്റ് ദോഷകരമായ രാസവസ്തുക്കൾ എന്നിവ തിമിംഗല മാംസം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാതാക്കി. മാസത്തിൽ തിമിംഗല മാംസവും ബ്ലബ്ബറം ചേർത്ത് ഒരു അത്താഴം മാത്രമാണ് അധികൃതർ ശുപാർശ ചെയ്യുന്നതു. ഇതിൽ ർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക ശുപാർശകൾ  ഉണ്ട്.

ഈ ഫറോ പാരമ്പര്യത്തിനെതിരെയും  തിമിംഗല കൊലപാതകത്തിനെതിരെയും നിരവധി ഓൺലൈൻ അപേക്ഷകളുണ്ട്, ആയിരക്കണക്കിന് അനുയായികളുമുണ്ട്. 52000 എണ്ണം മാത്രമുള്ള ഫറോസികൾ ഈ നിവേദനങ്ങളിൽ തഴയപ്പെടുന്നു. ഫറോസിനെ സംബന്ധിച്ചിടത്തോളം തിമിംഗലം ഒരു ജീവിതരീതിയുടെയും ഭക്ഷണ ശീലത്തിന്റെയുംഭാഗമാണ്.  ലോകത്തിലെ മറ്റു രാജ്യങ്ങൾ പോലെ  ഒരു അറവുശാലയ്ക്ക് പകരം തുറന്ന തീരത്താണ് കശാപ്പ് നടക്കുന്നതെന്നും ഡ്രെയിനിലേക്ക് ഇറങ്ങുന്നതിനേക്കാൾ കരയിൽ രക്തം ഒഴുകുന്നുവെന്നും മാത്രം.

ഫറോസിയുടെയും മൃഗസ്‌നേഹികളുടെയും ഇരുവശങ്ങളും മനസിലാക്കാൻ ചുവടെയുള്ള ഡോക്യുമെന്ററി കണ്ടിരിക്കുന്നത് നല്ലതാണ്.