വ്യാജം: ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ തലച്ചോറിന് തകരാറുണ്ടാക്കുന്നു

Sep 22, 2020   Fake News   Switch to English

വ്യാജം: ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ തലച്ചോറിന് തകരാറുണ്ടാക്കുന്നു

ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ നിങ്ങളുടെ തലയിലേക്ക് ചൂണ്ടാൻ ആരോഗ്യ പ്രവർത്തകരെ  അനുവദിക്കരുതെന്ന് ആളുകളോട് ആവശ്യപ്പെടുന്ന നിരവധി വീഡിയോകളും ഓൺലൈൻ ഉപദേശങ്ങളും പരക്കുന്നുണ്ട്. ഈ തെർമോമീറ്ററുകൾ ഇൻഫ്രാറെഡ് രശ്മികൾ പുറപ്പെടുവിക്കുന്നു എന്നും ഇത് മസ്തിഷ്ക ക്ഷതം അല്ലെങ്കിൽ മസ്തിഷ്ക കാൻസറിന് കാരണമാകും എന്നും വിഡിയോകൾ പറയുന്നു.  തെർമോമീറ്ററുകൾ വേണമെങ്കിൽ കൈത്തണ്ടയിലേക്ക് ചൂണ്ടിക്കാണിക്കാനും ഈ ഉപദേശങ്ങൾ നിർദ്ദേശിക്കുന്നു. ഈ വീഡിയോകളിൽ സംസാരിക്കുന്ന പലരും ഡോക്ടർമാരും ന്യൂറോളജിസ്റ്റുകളും ആണെന്ന് അവകാശപ്പെടുന്നു എന്നത് കൂടുതൽ ആൾക്കാരെ ഭയപ്പെടുത്തുന്നു.

ഈ സന്ദേശം വ്യാജം ആണ്.

ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ഇൻഫ്രാറെഡ് വികിരണങ്ങൾ പുറപ്പെടുവിക്കുന്നില്ല, മറിച്ച് അവയെ ആഗിരണം ചെയ്ത് അളക്കുകയാണ് ചെയ്യുന്നത്. ചൂട് ആണ് ഇൻഫ്രാറെഡ് രശ്മികളുടെ പ്രാഥമിക ഉറവിടം. എല്ലാ ചൂടുള്ള വസ്തുക്കളും ഇൻഫ്രാറെഡ് വികിരണങ്ങൾ പുറപ്പെടുവിക്കുന്നു. ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ഇൻഫ്രാറെഡ് കിരണങ്ങൾ ഉൾപ്പെടെയുള്ള രശ്മികളെ ലെൻസ് ഉപയോഗിച്ച് തെർമോപൈൽ എന്ന ഡിറ്റക്ടറിലേക്ക് ഫോക്കസ് ചെയ്യുന്നു, അതുവഴി താപനില കണക്കാക്കുന്നു.(source)

ചില തെർമോമീറ്ററുകൾ പുറപ്പെടുവിക്കുന്ന ചുവന്ന ലൈറ്റ് അല്ലെങ്കിൽ ലേസറിനെ ചുറ്റിപ്പറ്റിയാണ് മറ്റൊരു തെറ്റിദ്ധാരണ. ഇവ ദോഷകരമല്ല. ഇവ ഇൻഫ്രാറെഡ് രശ്മികളല്ല. എവിടെയാണ് ചൂണ്ടുന്നതെന്നും ഏതു പ്രതലത്തിന്റെ ചൂട് ആണ് അലക്കുന്നതെന്നും തിരിച്ചറിയാൻ വ്യക്തിയെ സഹായിക്കുന്നതിനുള്ള ഒരു മാർഗം മാത്രമാണിത്. വളരെ ചെറിയ പ്രദേശത്തിന്റെ താപനില അളക്കുമ്പോൾ ഇവ ഉപയോഗപ്രദമാണ്, മനുഷ്യ താപനില അളക്കുമ്പോൾ തീരെ ആവശ്യമില്ല എന്ന് തന്നെ പറയാം. എന്നാലും ദോഷകാര്യമല്ല.(source)